Sunday, March 2, 2008

ട്രോമ കെയര്‍

എന്താണീ ട്രോമ കെയര്‍ ? അതിനെന്തൊക്കെ വേണം എന്തൊക്കെ അറിഞ്ഞിരിക്കണം, ആരാണ്‌ ചെയ്യേണ്ടത്‌?ഇങ്ങനെ പല ചോദ്യങ്ങള്‍ നമുക്ക്‌ മുന്നിലുണ്ട്‌. അതില്‍ ചിലത്‌ നമുക്ക്‌ ഇപ്പ്പ്പോള്‍ നോക്കാം.

അപകടം പറ്റിയ മനുഷ്യന്‌ കൂടുതല്‍ അപകടം പറ്റാതെ നോക്കാനും,എന്തൊക്കെ പരിക്കുകളാണ്‌ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാക്കാന്‍ കഴിവുള്ളവയെന്ന് കണ്ടുപിടിക്കാനും അത്‌ കഴിയുന്നത്ര വേഗം ചികില്‍സിച്ച്‌ മരിക്കാനുള്ള സാധ്യത കുറയ്ക്കുവാനും ഉള്ള പ്രയത്നം ആണ്‌ നാം ട്രോമ കെയര്‍ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.

മൂന്ന് വിധത്തിലുള്ള മരണങ്ങള്‍ ആണ്‌ സാധാരണയായി അപകടം മൂലം ഉണ്ടാവുന്നത്‌.


(1)ഉടനേയുള്ള മരണം - അപകട സ്ഥലത്തുവച്ചുതന്നെ അല്ലെങ്കില്‍ ഏതാനും മിനിറ്റുകള്‍ക്കകം.

ഇതിനു പ്രധാനകാരണം തലച്ചോറിനുണ്ടാകുന്ന സാരമായ ക്ഷതം, ശരീരത്തിലെ വലിയ രക്തക്കുഴലുകള്‍ക്കുണ്ടാവുന്ന മുറിവ്‌ എന്നിവയാണ്‌. ഇത്‌ നമുക്ക്‌ ഒന്നും തന്നെ ചെയ്യാന്‍ പറ്റുന്ന വിധത്തിലുള്ള injuries അല്ല.

(2) എതാനും മണിക്കൂറുകള്‍ക്കകം സംഭവിക്കുന്ന മരണം.

ഇവിടെയാണ്‌ ട്രോമാ കെയറിന്റെ പ്രധാന ഊന്നല്‍ വരുന്നത്‌. മിക്കവാറും മരണങ്ങള്‍ ആദ്യത്തെ മണിക്കൂറില്‍ നടക്കുന്നു. ഈ സമയത്ത്‌ രോഗിക്ക്‌ appropriate treatment (ശരിക്കുള്ള ചികില്‍സ ) ലഭിച്ചാല്‍ മിക്കവരെയും നമുക്ക്‌ രക്ഷിക്കാന്‍ കഴിയും എന്നുള്ളതുകൊണ്ട്‌ ഇതിന്‌ നാം Golden Hour എന്ന് പറയുന്നു. ഇവിടെയാണ്‌നമ്മുടെ system പതറുന്നത്‌. കാരണം സാധാരണ രോഗ നിര്‍ണയം പോലെ രോഗിയുടെ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി ചികില്‍സ തീരുമാനിക്കാന്‍ സമയം ലഭിക്കുകയില്ല. കണ്ടയുടനെ പലര്‍ ചേര്‍ന്നുള്ള പരിശോധനയും ഉടനെഉടനെയുള്ള ചികില്‍സയും അതിന്റെ ഫലം നിരീക്ഷിച്ച്‌ പോരാ എന്ന് തോന്നിയാല്‍ ഉടനെ തന്നെ അടുത്ത പടിയിലേക്കുള്ള മുന്നേറ്റവും ആണ്‌ ഈ അവസരത്തില്‍ വേണ്ടത്‌.

ഇതിനാണ്‌Trauma Team എന്ന പല വിദഗ്ഥര്‍ അടങ്ങുന്ന ഒരു team വേണ്ടത്‌. പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍, നഴ്സ്‌,radiographer തുടങ്ങി എന്താണ്‌ ചെയ്യേണ്ടത്‌ എന്നറിയാവുന്ന പോര്‍ട്ടര്‍മാര്‍ വരെ ഇതിന്റെ അവശ്യഘടകങ്ങള്‍ ആണ്‌. ഇത്‌ നമുക്കില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

(3) എതാനും ദിവസങ്ങള്‍ കഴിഞ്ഞ്‌ നടക്കുന്ന മരണങ്ങള്‍.

രോഗിയുടെ പെട്ടെന്നുള്ള അവസ്ഥ മെച്ചപ്പെടുത്താന്‍ പറ്റിയാലും, injuries ന്റെ severity അനുസരിച്ച്‌ മറ്റു പല അവയവങ്ങള്‍ക്കും ഉണ്ടായ കേടുപാടുകള്‍ താങ്ങാവുന്നതിലധികം ആവുമ്പോള്‍ multi-organ failure എന്ന അവസ്ഥ രോഗിയെ കീഴ്പ്പെടുത്തുന്നു.

നമുക്ക്‌ Golden Hourലേയ്ക്ക്‌ തിരിച്ചുവരാം.അപകടം നടന്നയുടനെ രോഗിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങണം. പക്ഷേ ഈ സമയത്ത്‌ എന്തു ചെയ്യണം എന്നറിയുന്നതിനോടൊപ്പം എന്തു ചെയ്തുകൂട എന്നു നാം അറിയേണ്ടത്‌ അത്യാവശ്യമാണ്‌

അപകടം പറ്റിയ രോഗിക്ക്‌ രണ്ടു വിധത്തിലുള്ള injuries ഉണ്ട്‌- visible injuries(പുറത്തുകാണാവുന്നത്‌), hidden injuries (പുറത്തു കാണാത്തത്‌).

ഒടിഞ്ഞ കൈകാലുകള്‍, രക്തം വാര്‍ന്നൊഴുകുന്ന മുറിവുകള്‍ എന്നിവയാണ്‌ നമുക്ക്‌ പുറത്തുകാണാവുന്നത്‌.ഇവയാണ്‌ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റി കൂടുതല്‍ അപകടകരമായ hidden ijnuriesല്‍ നിന്നും നമ്മുടെ ശ്രദ്ധ തിരിച്ചുവിടുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.


A,B,C എന്നീ മൂന്നു അക്ഷരങ്ങളിലാണ്‌ നാം ഇത്‌ കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്‌.

(1) A is for Airway

ഏറ്റവും അപകടകരമായ hidden injury എന്നു പറയാവുന്നത്‌ ശ്വാസതടസം തന്നെയാണ്‌ പ്രത്യേകിച്ചും മൂക്ക്‌ തൊണ്ട trachea എന്നീ ഭാഗങ്ങളില്‍ ഉള്ള തടസം കാരണം രോഗിയ്ക്ക്‌ ഉള്ളിലേക്ക്‌ ശ്വാസം വലിക്കാന്‍ പറ്റാതാകുന്നു. ഇതിനു കാരണം നാക്ക്‌ പിറകിലേയ്ക്ക്‌ വീഴുക, പല്ലും മറ്റും ഒടിഞ്ഞ്‌ വായുടെ അകത്തേയ്ക്ക്‌ വീഴുക,വായ്ക്കകത്ത്‌ കല്ല്,മണ്ണ്‍ മുതലായവ കടന്നുകൂടുക എന്നിങ്ങനെ പലതാകാം. ഇങ്ങനെയുള്ളപ്പോള്‍ ഏതാണ്ട്‌ 4-5 മിനിറ്റുകള്‍ക്കകം രോഗി oxygen കിട്ടാതെ unconscious ആകുകയും ഇതു തുടരുകയാണെങ്കില്‍ മരിക്കുകയും ചെയ്യുന്നു. (കഴുത്ത്‌ ഞെരിച്ചു കൊല്ലുന്നതുപോലെ )

ഇങ്ങനെയുള്ളപ്പോള്‍ നാം എന്തെങ്കിലും ചെയ്ത്‌ രോഗിയെ രക്ഷിക്കേണ്ടത്‌ വളരെ ആവശ്യമാണ്‌ പക്ഷേ വളരെ ശ്രദ്ധിച്ചുവേണം അതു ചെയ്യാന്‍. അപകടത്തില്‍പ്പെട്ട രോഗിയുടെ കഴുത്തിലെ എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടോ എന്നറിയാന്‍ നമുക്ക്‌ ഈ സമയത്ത്‌ പ്രത്യേകിച്ച്‌ മാര്‍ഗ്ഗമില്ല. കഴുത്തിലെ സുഷുമ്ന നാഡിക്ക്‌ (spinal cord)കേടു സംഭവിക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാവര്‍ക്കും spinal cord injury കാണൂം എന്ന അനുമാനത്തില്‍ വേണം നാം മുന്നോട്ട്‌ പോകാന്‍. ഉണ്ടെന്നുള്ള അനുമാനത്തില്‍ precautions എടുത്ത്‌ അതീവ ശ്രദ്ധയോടെ മുന്നോട്ടു പോയാല്‍ നമ്മുടെ കൈകൊണ്ട്‌ കൂടുതല്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കും. spinal cord നു damage വന്നാല്‍ കൈകാലുകള്‍ എന്നെന്നേയ്ക്കുമായി തളര്‍ന്ന് ഉപയോഗശൂന്യമാകും എന്നുള്ളതുകൊണ്ട്‌ ഇതു വളരെ പ്രാധാന്യത്തോടെ വേണം നാം കൈകാര്യം ചെയ്യാന്‍. അതുകൊണ്ടുതന്നെ ആദ്യത്തെ step -A is for airway clearence with cervical spine control എന്ന് മാറ്റിയിട്ടുണ്ട്‌.


കഴുത്ത്‌ അനങ്ങാതെ വേണം നാം രോഗിയെ അപകടസ്ഥലത്തുനിന്ന് മാറ്റാനും ശ്വാസതടസം നീക്കാനും. ഇതിനായി പ്രത്യേക തരത്തിലുള്ള collar ആംബുലന്‍സുകളില്‍ ലഭ്യമാണ്‌

പക്ഷേ പൊതുജനം എന്തുചെയ്യണം എന്നാണ്‌ നമുക്ക്‌ അറിയാനുള്ളത്‌.

കട്ടിയായിട്ട്‌ ഒരു newspaper മൂന്നായിമടക്കി കഴുത്തിന്റെ വീതിയില്‍ ആക്കിയാല്‍ നമുക്ക്‌ ഇതൊരു temporary collar ആയി ഉപയോഗിക്കാം.(ചിത്രം കാണുക). ഒരു safety pin കുത്തി ഇതിനെ കഴുത്ത്‌ അനങ്ങാത്ത രീതിയില്‍ വയ്ക്കാം.ഏറ്റവും ആദ്യം ചെയ്യേണ്ടത്‌ രോഗിക്ക്‌ ശ്വാസതടസം ഉണ്ടോ എന്നറിയുക എന്നതാണ്‌.

"ഹലോ എന്താണ്‌ പേര്‌" എന്നുള്ള ചോദ്യത്തിനുത്തരം ലഭിക്കുന്നില്ലെങ്കില്‍ ശ്വാസതടസം ഉണ്ടെന്നോ ,ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നോ മനസ്സിലാക്കാവുന്നതാണ്‌.

ശ്വാസ തടസം ഉണ്ടെങ്കില്‍ അടുത്തതായി ചെയ്യേണ്ടത്‌(ഈ സമയം കഴുത്ത്‌ അനങ്ങാതെ കൈ വച്ചോ നേരത്തെ പറഞ്ഞതുപോലെ പേപ്പര്‍ മടക്കിവച്ചോ support ചെയ്തുകൊണ്ട്‌) രോഗിയുടെ വായില്‍ എന്തെങ്കിലും തടസ്സം ഉണ്ടോ എന്നു നോക്കുക. ഇതിനായി നമ്മുടെ ചൂണ്ടുവിരല്‍ വായുടെ ഉള്ളില്‍ കടത്തി ഒരു വശത്തു നിന്ന് മറ്റേ വശത്തേയ്ക്ക്‌ sweep ചെയ്ത്‌ എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ മാറ്റണം.(പടം കാണുക - finger sweep).


നാക്ക്‌ പിറകിലോട്ട്‌ പോയിട്ടുണ്ടെങ്കില്‍ അത്‌ ഈ സമയം നമുക്ക്‌ മുന്നോട്ട്‌ കൊണ്ടുവരാവുന്നതാണ്‌ അതിനു വേണ്ടി jaw thrust എന്ന technique ഉപയോഗിക്കാവുന്നതാണ്‌.(പടം കാണുക)

ഇത്രയും ചെയ്തിട്ടും ശ്വാസതടസം നീങ്ങുന്നില്ലെങ്കില്‍ തടസം കുറേക്കൂടി താഴെ ആയതുകൊണ്ടായിരിക്കാം. ഇങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ ഒരു ചെരിയ സൂചിയോ കത്രികയോ കൊണ്ട്‌ കഴുത്തിനുമുന്നില്‍ (trachea) യില്‍ ഒരു ദ്വാരം ഇടുന്നത്‌ ജീവന്‍ രക്ഷിച്ചേക്കാം. (പടം കാണുക- cricothyroidotomy)-
റോഡ്‌ സൈഡില്‍ വച്ച്‌ ഇതു ചെയ്യുന്നത്‌ എത്രത്തോളം പ്രായോഗികമാണെന്ന് ചോദിക്കരുത്‌- ചുമ്മാ നോക്കി നില്‍ക്കുന്നതിനേക്കാള്‍ ചിലപ്പോള്‍ ഇതായിരിക്കും അഭികാമ്യം. തൊലിയുടെ തൊട്ടു അടിയിലാണ്‌ adam's apple എന്നറിയപ്പെടുന്ന മുഴ- ഇത്‌ thyroid cartilageന്റെ ഭാഗമാണ്‌. ഇതില്‍ വിരല്‍ വച്ചതിനു ശേഷം താഴോട്ടു കൊണ്ടു വന്നാല്‍ അതിനു താഴെയുള്ള cricoid cartilage ഒരു മോതിരവളയം പോലെ feel ചെയ്യാം. ഇതിനു രണ്ടിനും ഇടയ്ക്കുള്ള സ്ഥലത്താണ്‌ നാം സുഷിരം ഇടേണ്ടത്‌.


B is for breathing.

ശ്വാസതടസം ഇല്ലെങ്കിലും ശ്വാസകോശങ്ങള്‍ക്കോ വാരിയെല്ലുകള്‍ക്കോ സംഭവിച്ച കേടുപാടുകള്‍ കാരണം രോഗിക്ക്‌ ആവശ്യത്തിന്‌ ഓക്സിജെന്‍ കിട്ടാത്ത അവസ്ഥയാണിത്‌. ഇതിനുവേണ്ടി നമുക്ക്‌ മിക്കവാറും വലുതായി റോഡ്‌ സൈഡില്‍ ചെയ്യാന്‍ പറ്റും എന്നെനിക്ക്‌ തോന്നുന്നില്ല കാരണം നെഞ്ചിനകത്ത്‌ രക്തം കെട്ടിനില്‍ക്കുകയോ, lungsല്‍ ദ്വാരം വീണ്‌ air leak ചെയ്യുകയുമാണ്‌ രണ്ട്‌ പ്രധാന കാരണങ്ങള്‍. സാധാരണ ഗതിയില്‍ ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ്‌ medical knowledge ഇല്ലാതെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നത്‌ ചിലപ്പോള്‍ അപകടമായേക്കാം.

C is for Circulation

ഇത്‌ നേരത്തെ പറഞ്ഞതുപോലെ വെളിയിലേക്ക്‌ കാണുന്നതോ വെളിയിലേക്ക്‌ കാണാത്ത വിധത്തില്‍ ആന്തരാവയവങ്ങളില്‍ നിന്നോ ആകാം.പുറത്തേയ്ക്ക്‌ കാണാവുന്ന രക്തസ്രാവം നിര്‍ത്താന്‍ ഏറ്റവും നല്ലത്‌ direct pressure അതായത്‌ അമര്‍ത്തിപ്പിടിക്കുക ആണ്‌. വൃത്തിയുള്ള തുണിയോ പഞ്ഞിക്കെട്ടോ ഇതിനായി ഉപയോഗിക്കാം.രക്ത സ്രാവമുള്ള ഭാഗത്തേയ്യ്ക്കുള്ള പ്രധാന രക്തക്കുഴലിന്റെ പുറത്ത്‌ അമര്‍ത്തിയാലും മതി (പടം കാണുക - pressure points)


ഇതിലൊന്നും നിന്നില്ലെങ്കില്‍ മാത്രം tourniquet ഉപയോഗിക്കുക. (പടം കാണുക).


ഒടിവുകള്‍ ഉണ്ടെങ്കില്‍.


വേദന മാത്രമല്ല, രക്ത സ്രാവത്തിനും ഒടിവുകള്‍ ഹേതുവായേക്കാം..എല്ലുകള്‍ തമ്മില്‍ ഒടിഞ്ഞ്‌ അനങ്ങിക്കൊണ്ടിരുന്നാല്‍ അസഹ്യമായ വേദന ഉണ്ടാകാം. splinting ഇതിനൊരു ഉത്തമ പ്രതിവിധിയാണ്‌ (പടങ്ങള്‍ കാണുക)

First Aid ല്‍ ആദ്യം വേണ്ടത്‌ സഹായിക്കാനുള്ള മനസ്ഥിതിയാണ്‌, പിന്നെ അറിവ്‌, എന്താണ്‌ ചെയ്യരുതാത്തത്‌ എന്നുള്ള ബോധം.പലപ്പോഴും നാം കാണുന്നത്‌ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്ന ജനക്കൂട്ടത്തെയാണ്‌. അറിയാമെങ്കില്‍ നേതൃത്വം ഏറ്റെടുക്കുക. സഹായം വഴിയേ വന്നുകൊള്ളും. ആദ്യം ആരും ചെയ്യും എന്നുള്ളതാണ്‌ പലപ്പോഴും തുടങ്ങാനുള്ള താമസം ഉണ്ടാക്കുന്നത്‌.ഓര്‍മിക്കുക- ഒരു നിമിഷമെങ്കിലും മടിച്ചു നിന്നാല്‍ നഷ്ടപ്പെടുന്നത്‌ ചിലപ്പോള്‍ ഒരു ജീവനായേക്കാം.

5 comments:

എല്ലു ഡോക്ടര്‍ said...

റ്റ്രോമ കെയര്‍ എന്നാല്‍ എന്ത്‌?

അതില്ലാത്ത നമ്മുടെ കേരളത്തില്‍ first-aid ആയി സാധാരണക്കാര്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും?

എല്ലു ഡോക്ടര്‍ said...

റ്റ്രോമ കെയര്‍ എന്നാല്‍ എന്ത്‌?

അതില്ലാത്ത നമ്മുടെ കേരളത്തില്‍ first-aid ആയി സാധാരണക്കാര്‍ക്ക്‌ എന്തു ചെയ്യാന്‍ കഴിയും?

Dr.Blog said...

Good work. Keep it up. someone will benefit from this article

എല്ലു ഡോക്ടര്‍ said...

ആദ്യം ആരും ചെയ്യും എന്നുള്ളതാണ്‌ പലപ്പോഴും തുടങ്ങാനുള്ള താമസം ഉണ്ടാക്കുന്നത്‌.ഓര്‍മിക്കുക- ഒരു നിമിഷമെങ്കിലും മടിച്ചു നിന്നാല്‍ നഷ്ടപ്പെടുന്നത്‌ ചിലപ്പോള്‍ ഒരു ജീവനായേക്കാം.

ഡോക്ടര്‍ said...

സാര്‍ ..
ശരിക്കും ഉപകാര പ്രദമായ article... നന്ദി സാര്‍ ....